കറുകച്ചാൽ: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന കാത്ത് ലാബിൽ മുഴുവൻസമയ സേവനം ലഭ്യമാക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിൽ ആണെന്ന് ആരോഗ്യം- ദേവസ്വം മന്ത്രി കെ. മുരളീധരൻ. റോണി കെ. ബേബി എംഎൽഎയുടെ കറുകച്ചാലിലെ ഓഫീസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ ജില്ല, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുന്നതിന് നിലവിൽ ആരോഗ്യവകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയും ഉൾപ്പെടുമെന്നും ഇക്കാര്യം അഭ്യർഥിച്ചുകൊണ്ട് എംഎൽഎ നൽകിയ നിവേദനം അംഗീകരിക്കുന്നതായും ആരോഗ്യമന്ത്രി പറഞ്ഞു. ഇതിനാവശ്യമായ തസ്തികകൾ അടിയന്തരമായി സൃഷ്ടിക്കും. കറുകച്ചാൽ ആശുപത്രിയിൽ നിന്നുപോയ കിടത്തിചികിത്സ പുനഃസ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
റോണി കെ. ബേബി എംഎൽഎ അധ്യക്ഷത വഹിച്ചു. കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ജോസഫ് വാഴയ്ക്കൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീർ, സംഘാടക സമിതി ചെയർമാൻ മനോജ് തോമസ്, രാജേഷ് കടാച്ചിറ, ജില്ലാ പഞ്ചായത്തംഗങ്ങളായ അജിത്ത് മുതിരമല, അഭിലാഷ് ചന്ദ്രൻ, തോമസ് കുന്നപ്പള്ളി, പി. ജീരാജ്, ആശാ ജോയി, യുഡിഎഫ് നേതാക്കളായ സി.വി. തോമസുകുട്ടി, ജിജി അഞ്ചാനി, വി.ഐ. നൗഷാദ്, മുണ്ടക്കയം സോമൻ, ജോ തോമസ്, സുഷമ ശിവദാസ്, മാത്യു ജോൺ, അജി തകിടിയേൽ, പ്രസന്നൻ വെള്ളാപ്പള്ളിൽ, ലിതാ ഷാജി, റോബിൻ വെള്ളാപ്പള്ളി, രവി വി. സോമൻ, കെ.എൻ. നൈസാം, ഷെറിൻ സലിം, രാഗിണി അനിൽ, സാലൂ പതാലിൽ, എസ്.എം. സേതുരാജ്, ജോജി മാത്യു, സേവ്യർ മൂലംകുന്ന്, ശ്രീകല ഹരി, ലൂസി ജോർജ് എന്നിവർ പ്രസംഗിച്ചു.